മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടിച്ചെടുത്ത കേസ് എൻഐഎ ഏറ്റെടുത്തു. കഴിഞ്ഞ മാസം കേസ് ഏറ്റെടുത്ത എൻഐഎ, കേസ് രേഖകൾ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

2026 ഫെബ്രുവരി ഏഴിന് തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് വെച്ച് ഉള്ളി കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും (448 ബോക്സുകളിൽ), 10,500 നോൺ-ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഒരു ഇഷ്ടിക നിർമ്മാണ യൂണിറ്റിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ ഇറക്കുന്നത് കണ്ടെത്തിയത്.

കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയതായി തിരൂരങ്ങാടി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. “കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഫോടകവസ്തുക്കൾ അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. എന്നാൽ പിടിച്ചെടുത്ത അളവ് വളരെ വലുതായതിനാൽ എൻ.ഐ.എ വിശദമായ അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എത്തിയത് കർണാടകയിൽ നിന്ന്

കർണാടകയിലെ ബിജാപൂരിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് സെക്ഷൻ 4, 5 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടെ അനുമതിയോടെ പ്രതികളെ എൻഐഎ ചോദ്യം ചെയ്യും. 

സ്ഫോടകവസ്തുക്കളുടെ ഉറവിടത്തെ കുറിച്ചും വിതരണ ശൃംഖലയെ കുറിച്ചും വിശദമായ ന്വേഷണം നടത്തുമെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ​തിരൂരങ്ങാടിയിലെ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് വച്ച് തണ്ണിമത്തൻ കയറ്റിവന്ന ലോറിയിൽ നിന്ന് നൂറിലധികം പെട്ടി ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടികൂടിയിരുന്നു.