അസമിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിന് സമാനമാകും ഇതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗോത്ര വിഭാഗങ്ങളെയും അസമിൻ്റെ ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര്യത്തെയും ഇതിൽനിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ പ്രഖ്യാപിത നിലപാടിൻ്റെ ഭാഗമാണ് അസമിലെ ബിജെപി സർക്കാരിൻ്റെ നീക്കം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനം ബിജെപി ഉൾക്കൊള്ളിച്ചിരുന്നു. അസമിൽ മൂന്നാമൂഴം ലഭിച്ച ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം വേഗത്തിലാക്കിയത്. രാജ്യത്ത് ഉത്തരാഖണ്ഡിൽ മാത്രമാണ് ഏകീകൃത സിവിൽ കോഡിനുള്ള ചട്ടക്കൂട് തയ്യാറായത്. ഗുജറാത്ത് ഇതിനുവേണ്ടിയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.



