ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 85.20 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവാണുള്ളത്. ആൺകുട്ടികളേക്കാൾ 6.73 ശതമാനം കൂടുതൽ വിജയശതമാനം നേടി പെൺകുട്ടികൾ മുന്നിലെത്തി.
മേഖലാടിസ്ഥാനത്തിൽ 95.62 ശതമാനം വിജയം കൈവരിച്ചുകൊണ്ട് തിരുവനന്തപുരം ഒന്നാമതെത്തി. ഇതിന് തൊട്ടുപിന്നാലെ ചെന്നൈ (93.84), ബംഗളൂരു (93.19), ഡൽഹി വെസ്റ്റ് (92.34), ഡൽഹി ഈസ്റ്റ് (91.73) എന്നീ മേഖലകളാണ് ഉള്ളത്. 72.43 ശതമാനം വിജയം മാത്രമുള്ള പ്രയാഗ്രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു.
ഫലം പരിശോധിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിലൂടെ തങ്ങളുടെ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഐവിആർഎസ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാം.
ഇന്റർനെറ്റ് സൗകര്യം പരിമിതമായ ഇടങ്ങളിലുള്ളവർക്കായി ഐവിആർഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലുള്ളവർ 24300699 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 011-24300699 എന്ന നമ്പറിലും വിളിച്ച് റോൾ നമ്പറും സ്കൂൾ കോഡും നൽകിയാൽ മാർക്ക് അറിയാൻ സാധിക്കും.



