സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ബുധനാഴ്ച കുത്തനെ വർദ്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 6 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്കാണ് തീരുവ ഉയർത്തിയത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ കരുതൽ ശേഖരത്തിലെ സമ്മർദ്ദവും കണക്കിലെടുത്ത് ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ തീരുമാനം.
10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും (Basic Customs Duty) 5 ശതമാനം അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്‌മെന്റ് സെസ്സും (AIDC) ചേർത്താണ് ആകെ തീരുവ 15 ശതമാനമാക്കിയത്. വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി കുറയ്ക്കുക, വ്യാപാര കമ്മി പരിമിതപ്പെടുത്തുക, ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായ രൂപയെ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ നികുതി വർദ്ധിപ്പിക്കാൻ ഉടനടി പദ്ധതിയില്ലെന്ന സർക്കാർ വൃത്തങ്ങളുടെ മുൻപത്തെ സൂചനകൾ മറികടന്നാണ് ഈ നടപടി.



