സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിംഗ് യാദവിന്റെ ഇളയ മകനും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലഖ്‌നൗവിൽ വെച്ചായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബിജെപി നേതാവ് അപർണ്ണ യാദവാണ് ഭാര്യ.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രതീകിനെ ലഖ്‌നൗവിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുറച്ചു കാലമായി പ്രതീക യാദവ് അസുഖബാധിതനായിരുന്നുവെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇദ്ദേഹത്തെ ലഖ്‌നൗവിലെ മേദാന്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ അഖിലേഷ് യാദവ് നേരിട്ടെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെത്തുടർന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ സിവിൽ ഹോസ്പിറ്റലിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.



