മലപ്പുറം ജില്ലയിലെ മങ്കടയ്ക്ക് സമീപം വിനോദസഞ്ചാര കേന്ദ്രമായ കുരങ്ങൻചോലയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ വേനൽമഴയ്ക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വെള്ളില മലയിൽ സ്വദേശികളായ റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റോഷൻ (20), ഇഷാത്ത് (16) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.
മങ്കട പോലീസ് നൽകുന്ന വിവരമനുസരിച്ച്, വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. വെള്ളിലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മലമുകളിലെ വ്യൂ പോയിന്റിലേക്ക് പോയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനിടെ ഇവർ മലമുകളിൽ കുടുങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴ് പേർക്കും മിന്നലേറ്റതായാണ് വിവരം. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു.



