യൂബര്‍, റാപിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ഇരുചക്ര വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്. ബൈക്ക് ടാക്‌സി സേവനങ്ങൾക്കായി സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് എംവിഡി വ്യക്തമാക്കി. സർവീസിനായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾ എത്രയും വേഗം ടാക്‌സി വിഭാഗത്തിലേക്ക് മാറ്റണം. ഇതിനായി ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു.
കുറഞ്ഞ നിരക്കിൽ നഗരയാത്രകൾ സാധ്യമാക്കുന്ന ബൈക്ക് ടാക്‌സി സേവനം യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാൽ, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. സ്വകാര്യ ബൈക്കുകൾ സർവീസിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കമ്പനികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾ ടാക്‌സി വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് എംവിഡി ഉറപ്പുനൽകിയിട്ടുണ്ട്. നിയമപരമായ രജിസ്‌ട്രേഷൻ ഇല്ലാതെ ബൈക്ക് ടാക്‌സി സർവീസ് തുടരുന്നവർക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. കമ്പനികളുമായുള്ള ചർച്ചയുടെ മിനിറ്റ്‌സ് പ്രകാരം ഇനി മുതൽ വാണിജ്യ രജിസ്‌ട്രേഷനുള്ള ബൈക്കുകൾക്ക് മാത്രമേ നഗരങ്ങളിൽ സർവീസ് നടത്താൻ അനുവാദമുണ്ടാകൂ.



