ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി വിജയ് തന്റെ ടീമിലേക്ക് നടത്തിയ ആദ്യ നിയമനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വിജയ്യുടെ രാഷ്ട്രീയ ഉദയം മാസങ്ങൾക്ക് മുൻപേ കൃത്യമായി പ്രവചിച്ച പ്രമുഖ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു.
രാഷ്ട്രീയ നിരീക്ഷകർ പോലും വിജയ്യുടെ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്ന സമയത്താണ് രാധൻ പണ്ഡിറ്റ് വിജയ്യുടെ ഉദയം പ്രവചിച്ചത്. വിജയ്യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ ‘സുനാമി’ ഒളിഞ്ഞിരിപ്പുണ്ടെന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ വീഡിയോകൾ ഇപ്പോൾ വൈറലാണ്. ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി പേരിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്യുടെ നക്ഷത്രപ്പൊരുത്തവും അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിൽ രാധൻ പണ്ഡിറ്റ് പുതിയൊരാളല്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്നു അദ്ദേഹം. സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളിൽ ജയലളിത ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ തേടിയിരുന്നു. ആത്മീയ ഗുരു എന്നതിലുപരി രാഷ്ട്രീയ-ബിസിനസ് മേഖലകളിൽ വലിയ സ്വാധീനമുള്ള വ്യക്തികൂടിയാണ് രാധൻ പണ്ഡിറ്റ്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ യുക്തിചിന്തകൾക്ക് പകരം ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഈ നിയമനത്തെ വിമർശിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ വിശകലനവും ജ്യോതിഷവും ചേർത്തുള്ള രാധൻ പണ്ഡിറ്റിന്റെ ശൈലിയെ ടിവികെ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി തുടങ്ങിയ പ്രമുഖരെ മറികടന്ന് വിജയ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.



