തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വിജയിയുടെ ടി.വി.കെയ്ക്ക് തിരിച്ചടി. തിരുപ്പത്തൂരിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടി.വി.കെ എം.എൽ.എ ആർ. സീനിവാസ സേതുപതിയെ തമിഴ്‌നാട് നിയമസഭയുടെ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി വിലക്കി. തിരുപ്പത്തൂർ മണ്ഡലത്തിൽ കേവലം ഒരു വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്.
ഈ വിജയം ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർത്ഥി മുൻ മന്ത്രി കെ.ആർ പെരിയകറുപ്പൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സേതുപതിക്ക് 83,375 വോട്ടുകൾ ലഭിച്ചപ്പോൾ പെരിയറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.



