പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. പൊതുനിരത്തുകളിൽ നമസ്കാരം നിർവ്വഹിക്കുന്നത് നിയന്ത്രിക്കുമെന്നും തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും ബിജെപി എംഎൽഎ അർജുൻ സിംഗ് വ്യക്തമാക്കി. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ തീരുമാനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.

ഭരണമേറ്റെടുത്തതിന് പിന്നാലെയുള്ള സർക്കാരിന്റെ ആദ്യ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ, പൊതു ക്രമസമാധാനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരലുകൾ എന്നിവയിൽ ഭരണകൂടം ഇതിനകം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അർജുൻ സിംഗ് പറഞ്ഞു.