ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി . രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെയാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിനെതിരെ നാൽപ്പത് പൈസ നഷ്ടപ്പെട്ട രൂപ 94 രൂപ 88 പൈസ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ സെഷനിൽ 94.48ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര എണ്ണവിപണിയിൽ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില നാല് ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി. കഴിഞ്ഞ ദിവസം 100 ഡോളറിനടുത്ത് വ്യാപാരം നടത്തിയിരുന്ന എണ്ണവിലയുടെ ഉയർച്ചയാണ് രൂപയ്ക്ക് തിരിച്ചടിയായത്.കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ ഏകദേശം പത്ത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധി തന്നെയാണ് രൂപയുടെ മൂല്യമിടിക്കുന്ന പ്രധാന കാരണം.
രൂപയുടെ മൂല്യം 100 എന്ന നിർണായക നിലയിലേക്ക് താഴാനിടയുണ്ടെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നുണ്ട്. എണ്ണവില 100 ഡോളറിന് താഴെ തുടരുകയാണെങ്കിൽ രൂപയ്ക്ക് തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യ സാമ്പത്തിക വിദഗ്ധൻ മദൻ സാബനാവിസ് വ്യക്തമാക്കി. എന്നാൽ എണ്ണവില 110 മുതൽ 120 ഡോളർ വരെ ഉയർന്നാൽ രൂപയുടെ മൂല്യം 100 തൊടാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നീണ്ടുനിൽക്കുകയും ബ്രെന്റ് ക്രൂഡിന്റെ വില 150 ഡോളറിലെത്തുകയും വിദേശ നിക്ഷേപം രാജ്യത്ത് നിന്ന് വ്യാപകമായി പിൻവാങ്ങുകയും ചെയ്താൽ രൂപയുടെ മൂല്യം 100 വരെ ഇടിയാമെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ കറൻസി ഗവേഷണ വിഭാഗം മേധാവി അനിന്ദ്യ ബാനർജിയും വ്യക്തമാക്കി.ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ രൂപയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം തുടരാനാണ് സാധ്യത. രൂപയുടെ മൂല്യം നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.



