ഗൾഫ് പ്രതിസന്ധിയെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ‘വർക്ക് ഫ്രം ഹോം’ സ്വീകരിക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണ്ണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ‘രാജ്യം ആദ്യം, സുഖത്തേക്കാൾ വലുത് ചുമതല’ (Nation First, Duty Above Comfort) എന്ന സന്ദേശത്തോട് പ്രതികരിച്ച രാഹുൽ ഗാന്ധി, സാമ്പത്തിക സമ്മർദ്ദത്തിന് മുന്നിൽ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പകച്ച് നിൽക്കുകയാണെന്നും സർക്കാരിന്റെ വീഴ്ചകൾ പരിഹരിക്കാൻ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി. 

“ഇന്നലെ, മോദിജി പൊതുജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു- സ്വർണ്ണം വാങ്ങരുത്, വിദേശ യാത്ര ചെയ്യരുത്, കുറച്ച് പെട്രോൾ ഉപയോഗിക്കുക, വളവും ഭക്ഷ്യ എണ്ണയും കുറയ്ക്കുക, മെട്രോ ഉപയോഗിക്കുക, വീട്ടിൽ നിന്ന് ജോലി ചെയ്യുക. ഇവ ഉപദേശങ്ങളല്ല- അവ പരാജയത്തിന്റെ തെളിവാണ്,” അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.