തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട ഒരു വിഭാഗം എം.എൽ.എമാരും മുൻ മന്ത്രിമാരും രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ, സമ്മർദ്ദങ്ങൾക്കിടയിലും ഇപിഎസ് രാജിവയ്ക്കാൻ തയ്യാറല്ലെന്നാണ് സൂചന.
മുതിർന്ന നേതാവ് സി.വി ഷൺമുഖത്തെ അനുകൂലിക്കുന്ന എം.എൽ.എമാരും മുൻ മന്ത്രിമാരുമാണ് ഇ.പി.എസ്സിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്ക് ശേഷം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.
തുടർച്ചയായ പരാജയങ്ങൾ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർത്തുവെന്നും നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളിൽ അണികൾക്കിടയിൽ വലിയ രോഷമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.ടി.വി.കെയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ എഐഎഡിഎംകെ അണികൾക്കുള്ളിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ച സമയത്താണ് പാർട്ടിക്കുള്ളിൽ നിന്ന് വിമത ശബ്ദങ്ങൾ ഉയരുന്നത്.
ടിവികെ അധികാരത്തിലേക്ക്
ഏപ്രിൽ 23 ന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഭൂരിപക്ഷത്തിന് 10 സീറ്റുകൾ മാത്രം പിന്നിലായി. ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുമായി നാലു ദിവസത്തെ തിരക്കേറിയ ചർച്ചകൾക്ക് ശേഷം ടിവികെയ്ക്ക് ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞു. കോൺഗ്രസ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഞായറാഴ്ച നടന്ന താരനിബിഡമായ പരിപാടിയിൽ വിജയ് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിമത നീക്കങ്ങൾ കടുക്കുന്നു
തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ പ്രധാന ദ്രാവിഡ പാർട്ടികളായ ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും കടുത്ത തിരിച്ചടിയാണ്. ഡി.എം.കെ 59 സീറ്റുകളിലും അണ്ണാ ഡി.എം.കെ 47 സീറ്റുകളിലും വിജയിച്ചു. ഭൂരിപക്ഷം ഉറപ്പിക്കാൻ ടി.വി.കെ ചർച്ചകൾ നടത്തുന്നതിനിടെ, സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 30-ലധികം എം.എൽ.എമാർ കഴിഞ്ഞ ആഴ്ച പുതുച്ചേരിയിലെ ഒരു റിസോർട്ടിൽ ക്യാമ്പ് ചെയ്തിരുന്നു.
വിജയിയുടെ പാർട്ടിയുമായി കൈകോർക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിച്ചതെന്നാണ് സൂചന. തുടർന്ന് എം.എൽ.എമാരെ കൂടെ നിർത്താൻ ഇ.പി.എസ് നേരിട്ട് റിസോർട്ടിലെത്തി ചർച്ച നടത്തുകയായിരുന്നു. അതിനിടെ, ഡി.എം.കെ അണ്ണാ ഡി.എം.കെയുമായി അനൗദ്യോഗിക ചർച്ചകൾക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ അതൃപ്തനായ ഷൺമുഖം ടി.വി.കെ സർക്കാരിനൊപ്പം ചേരാൻ തീരുമാനിച്ചതായാണ് വിവരം.



