ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബഹ്റിനില്‍ 41 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യം നിലനില്‍ക്കെ ഇറാന്‍ അനുകൂല നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ബഹ്റിന്‍ അധികൃതരുടെ തീരുമാനം.

ഇസ്രയേല്‍-യുഎസ് സഖ്യത്തിനെതിരായ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുക, വിവരങ്ങള്‍ ചോര്‍ത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ബഹ്റിനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ അറസ്റ്റിലായവര്‍ അനുകൂലിച്ചതായി മന്ത്രാലയം ആരോപിച്ചു.

ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഏപ്രില്‍ അവസാനത്തില്‍ 69 പേരുടെ പൗരത്വം ബഹ്റൈന്‍ റദ്ദാക്കിയിരുന്നു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.