കേരള കോൺഗ്രസ് എം  സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇടതുമുന്നണിക്കുള്ളിലും സിപിഎമ്മിനെതിരെയും കടുത്ത വിമർശനം. ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ എൽഡിഎഫ്  നേതൃത്വം പരാജയപ്പെട്ടെന്നും സിപിഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സിപിഎമ്മിന്റെ വീഴ്ചകളാണെന്നും ഇത് മുന്നണിയെ ഒന്നാകെ ബാധിച്ചെന്നും യോഗം വിലയിരുത്തി.

ചില മണ്ഡലങ്ങളിൽ സിപിഎം വോട്ടുകൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കൃത്യമായി ലഭിച്ചില്ലെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു. മുന്നണി മാറ്റത്തിനുള്ള സാധ്യതകൾ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ നേതൃത്വം അത് ഇല്ലാതാക്കിയെന്നും ചില നേതാക്കൾ വിമർശിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ  അധ്യക്ഷതയിൽ കോട്ടയത്താണ് യോഗം നടക്കുന്നത്. ഇടുക്കിയിൽ പരാജയപ്പെട്ട റോഷി അഗസ്റ്റിൻ  ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമാക്കുന്നതാണ് കേരള കോൺഗ്രസ് എമ്മിന്റെ ഈ നിലപാട്. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിക്ക് പിന്നാലെ ഘടകകക്ഷികൾക്കിടയിൽ രൂപപ്പെട്ട അതൃപ്തി വരും ദിവസങ്ങളിൽ മുന്നണിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കും.