ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗുരുതരമായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ. നിലവിലെ പ്രാദേശിക സംഘർഷങ്ങൾ ലോകവ്യാപകമായ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെക്കുറിച്ച് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ്, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മാർച്ച് മാസം മുതൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടത് ഗൾഫ് രാജ്യങ്ങളെയും ആഗോള ഊർജ്ജ വിപണിയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ, എൽ.എൻ.ജി വ്യാപാരത്തിന്റെ 20 ശതമാനത്തോളം ഇതുമൂലം തടസ്സപ്പെട്ടു. ഏകദേശം 20,000-ലധികം നാവികർ നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുകയാണെന്നും വിതരണ ശൃംഖലകൾ താറുമാറായതായും ശൈഖ ആലിയ വിശദീകരിച്ചു.
അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിച്ച് സമുദ്രപാതകളിൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ലോകരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഖത്തർ ഓർമ്മിപ്പിച്ചു. ആഗോള ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര സമാധാനത്തെ ബാധിക്കുമെന്നും സമുദ്രപാതകൾ സംരക്ഷിക്കുന്നതിനുള്ള പ്രമേയത്തെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കണമെന്നും ഖത്തർ അഭ്യർത്ഥിച്ചു.



