ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കിടയിലും അച്ചടിച്ച പുസ്തകങ്ങൾ നൽകുന്ന അറിവും ചിന്താശേഷിയും പകരം വെക്കാനില്ലാത്തവയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്.
വായന മനസ്സിനെ പരിപോഷിപ്പിക്കുമെന്നും ആശയപരമായ കുറുക്കുവഴികളിൽ നിന്നും തീവ്രവാദ ചിന്താഗതികളിൽ നിന്നും വായന നമ്മെ സംരക്ഷിക്കുമെന്നും പാപ്പ പറഞ്ഞു. ബോധപൂർവമായ ഒരു വിമർശനാത്മക ബോധം വളർത്താൻ പുസ്തകങ്ങൾ സഹായിക്കുന്നു. ചിന്താഗതികൾക്കും യാഥാസ്ഥിതിക നിലപാടുകൾക്കുമുള്ള മരുന്നാണ് പുസ്തകങ്ങൾ. ലോകത്തെ കൂടുതൽ വിശാലമായി കാണാൻ വായന നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പ പറഞ്ഞു.
വിശുദ്ധരുടെ ജീവചരിത്രങ്ങളും ആത്മീയ വായനകളും ക്രിസ്തുവിനെ കൂടുതൽ അടുത്തറിയാനുള്ള അവസരങ്ങളാണ്. കന്യകാമറിയവും വിശുദ്ധ അഗസ്റ്റിനും വായനയിൽ മുഴുകിയിരിക്കുന്ന ചിത്രങ്ങൾ ഇതിന് ഉദാഹരണമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒരു പുസ്തകം കയ്യിലെടുക്കുമ്പോൾ വായനക്കാരൻ ഗ്രന്ഥകാരനുമായും ആ പുസ്തകം വായിച്ച മറ്റ് വായനക്കാരുമായും ഒരു ആത്മബന്ധം സ്ഥാപിക്കുകയാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
ദൈവവചനത്താൽ നമ്മുടെ മനസ്സിനെയും പ്രവർത്തനങ്ങളെയും രൂപപ്പെടുത്താൻ വിശ്വാസികൾ തയ്യാറാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. 1926 – ൽ സ്ഥാപിതമായ വത്തിക്കാൻ പ്രസാധകശാലയുടെ സേവനങ്ങളെ പാപ്പ അഭിനന്ദിക്കുകയും ചെയ്തു.



