ടിക് ടോക്, റമ്പിൾ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികൾക്കായി നൽകുന്ന നിർദേശങ്ങളിൽ വൻതോതിൽ ജൂതവിരുദ്ധവും വിദ്വേഷം പടർത്തുന്നതുമായ ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ISD) പുറത്തുവിട്ട ‘ആംപ്ലിഫയിംഗ് ആന്റിസെമിറ്റിസം’ (Amplifying Antisemitism) എന്ന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.
ഒരു ഉപയോക്താവ് കാണുന്ന വീഡിയോകൾക്ക് സമാനമായ മറ്റു വീഡിയോകൾ പ്ലാറ്റ്ഫോമുകൾ തന്നെ നിർദേശിക്കാറുണ്ട്. ഇത്തരം ‘റെക്കമെൻഡേഷനുകൾ’ വഴി യുകെയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളിലേക്ക് അപകടകരമായ വിദ്വേഷ പ്രസംഗങ്ങളും ജൂതവിരുദ്ധ ആശയങ്ങളും എത്തുന്നു എന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ടിക് ടോക്കിൽ ലഘു വീഡിയോകളിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുമ്പോൾ, റമ്പിൾ എന്ന പ്ലാറ്റ്ഫോം ഇത്തരം തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വലിയ ഇടം നൽകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരുടെ ലൈഫ് സ്റ്റൈൽ ഇൻഫ്ലുവൻസർമാരിൽ താൽപ്പര്യമുള്ള ഒരു 15 വയസ്സുകാരൻ ടിക് ടോക്കിൽ വെറും ഒരു മണിക്കൂർ ചിലവഴിക്കുമ്പോൾ തന്നെ ജൂതവിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അൽഗോരിതം നിർദേശിച്ചു തുടങ്ങുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് ഒന്നര മണിക്കൂറിനുള്ളിൽ ഹമാസ് മുൻ വക്താവ് അബു ഉബൈദയുടെ പ്രസംഗങ്ങളോ ഇറാന്റെ റെവല്യൂഷണറി ഗാർഡിനെ (IRGC) മഹത്വവൽക്കരിക്കുന്ന വീഡിയോകളോ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കേവലം വീഡിയോകൾക്ക് പുറമെ ടിക് ടോക്കിലെ സ്റ്റിക്കറുകൾ, ശബ്ദങ്ങൾ, കമന്റ് ബോക്സുകൾ എന്നിവ വഴിയും വിദ്വേഷ ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് എത്തുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോളോകോസ്റ്റ് മീമുകൾ, നവ-നാസി ചിഹ്നങ്ങൾ, തീവ്രവലതുപക്ഷ കോഡുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. സാധാരണ ലൈഫ് സ്റ്റൈൽ വീഡിയോകളിൽ നിന്ന് ആരംഭിച്ച് ക്രമേണ തീവ്ര രാഷ്ട്രീയ-വിദ്വേഷ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതം പ്രവർത്തിക്കുന്നത്. ഇത് കുട്ടികളുടെ ഓൺലൈൻ സുരക്ഷയിലെ വലിയ പോരായ്മയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ ഇത്തരം വിദ്വേഷ ഗ്രൂപ്പുകളുടെ വലയിൽ അകപ്പെടാൻ ഇത് കാരണമാകുന്നു. ഇത് കുട്ടികളുടെ മാനസിക നിലയെയും സാമൂഹിക കാഴ്ചപ്പാടിനെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഇത്തരം അൽഗോരിതങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, വിദ്വേഷം പടർത്തുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നും യുകെയിലെ ആരോഗ്യ-സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.



