കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന മൂന്ന് നേതാക്കൾക്കിടയിൽ ശക്തമായ പോരാട്ടം തുടരുന്നതിനിടെ, എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കിനും അജയ് മാക്കനും മുന്നിൽ എംഎൽഎമാരും യുഡിഎഫ് ഘടകകക്ഷികളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇതോടെ നേതൃമാറ്റ ചർച്ചകളുടെ കേന്ദ്രം ഡൽഹിയിലേക്ക് മാറി.
പത്ത് വർഷത്തിന് ശേഷം വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് വിട്ടുകൊണ്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി. ഇതിനുശേഷം കെപിസിസി ആസ്ഥാനത്ത് വെച്ച് ഓരോ എംഎൽഎയുമായും നിരീക്ഷകർ വ്യക്തിഗത കൂടിക്കാഴ്ച നടത്തി അഭിപ്രായം ആരാഞ്ഞു.



