നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ സിപിഎം കേന്ദ്രങ്ങളിൽ നേതൃത്വത്തിനെതിരെ ഫ്ളെക്സ് പ്രചരണം ശക്തമാകുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പി ജയരാജൻ, എം സ്വരാജ് എന്നിവരെ ആദർശ കമ്മ്യൂണിസ്റ്റുകളായി ചിത്രീകരിച്ചുകൊണ്ടുള്ള ബോർഡുകളാണ് വ്യാപകമായി ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലമായ ധർമ്മടം, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ തട്ടകമായ തളിപ്പറമ്പ്, ഇ പി ജയരാജൻ്റെ തട്ടകമായ പാപ്പിനിശേരി എന്നിവിടങ്ങളിലാണ് ഫ്ളെക്സുകൾ പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പദവി രാജിവെക്കണമെന്ന ആവശ്യമാണ് ഫ്ളെക്സുകളിൽ പ്രധാനമായും ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് തോൽവിയോടെ പാർട്ടിയിൽ പി ജയരാജനെ അനുകൂലിക്കുന്ന സൈബർ ഗ്രൂപ്പുകൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ തന്നെ മഹത്വവൽക്കരിക്കുന്ന ഇത്തരം പ്രചരണങ്ങളെ തള്ളിപ്പറഞ്ഞ് പി ജയരാജൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിക്കുന്നതും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തുന്നതുമായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അഴീക്കോട് കാപ്പിലെ പീടികയിൽ ബോർഡ് സ്ഥാപിച്ചതും വലിയ ചർച്ചയായിരുന്നു. തോൽവിക്ക് പിന്നാലെ എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവരെ മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്.
കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ ‘ഇന്ദിരയെ വിളിക്കൂ, സോണിയെ വിളിക്കൂ’ എന്ന മുദ്രാവാക്യമുയർത്തുന്നത് അവരുടെ ശൈലിയാണെന്നും കമ്മ്യൂണിസ്റ്റ് സംഘടനാരീതി അതിൽ നിന്നും വ്യത്യസ്തമാണെന്നും ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കി വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ അറിയിക്കാൻ അണികൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഉൾപാർട്ടി ചർച്ചകളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



