കേപ് വെർഡെയിലെ പ്രായ (Praia) തീരത്ത് നങ്കൂരമിട്ട എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിലെ നൂറ്റമ്പതോളം യാത്രക്കാർ മരണഭീതിയുടെ നിഴലിലാണ്. അർജന്റീനയിൽ നിന്ന് പുറപ്പെട്ട കപ്പലിൽ പടർന്നുപിടിച്ച ഹന്റാവൈറസ് (Hantavirus) ഇതിനോടകം മൂന്ന് യാത്രക്കാരുടെ ജീവനെടുത്തു കഴിഞ്ഞു. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ വൈറസ് ബാധിച്ചാൽ മനുഷ്യശരീരത്തിൽ എന്ത് സംഭവിക്കും? രോഗബാധ മുതൽ മരണം വരെയുള്ള ആ ഘട്ടങ്ങൾ പരിശോധിക്കാം.
നിശബ്ദമായ തുടക്കം (ഒന്ന് മുതൽ എട്ട് ആഴ്ച വരെ)
ഹന്റാവൈറസ് ബാധിക്കുന്നത് വളരെ നിശബ്ദമായാണ്. രോഗബാധയുള്ള എലികളുടെ മൂത്രം, വിസർജ്ജ്യം, ഉമിനീർ എന്നിവയുടെ അംശങ്ങൾ വായുവിലൂടെ ശ്വസിക്കുന്നതിലൂടെയാണ് വൈറസ് ശരീരത്തിലെത്തുന്നത്. ഇത് പലപ്പോഴും യാത്രക്കാർ അറിയാറില്ല.



