പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനിടെ, മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വ്യാഴാഴ്ച ബം​ഗാളിൽ എത്തുന്ന അഖിലേഷ് യാദവ്, മമത ബാന‍ർജിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് അഖിലേഷിൻ്റെ സന്ദർശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഉൾപ്പെടെ യോ​ഗത്തിൽ ചർച്ചയാകും.

ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി പ്രതികരിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാക്കളിൽനിന്ന് തനിക്ക് പിന്തുണ ലഭിച്ചതായി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ​ഹേമന്ത് സോറൻ എന്നിവരിൽനിന്ന് ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പിലേറ്റ പരാജയം അം​ഗീകരിക്കാൻ മമത തയ്യാറായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന് നിലപാടെടുത്ത മമത, രാജ് ഭവനിലേക്ക് പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോ​ഗിച്ച് തൃണമൂൽ കോൺ​ഗ്രസിനെ പരാജയപ്പെടുത്തിയെന്നും ധാർമിക വിജയം തങ്ങൾക്കാണെന്നുമാണ് മമതയുടെ നിലപാട്.