തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ (DMK) കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, നിയമസഭയിൽ പാർട്ടിയെ യുവജനവിഭാഗം നേതാവും മകനുമായ ഉദയനിധി സ്റ്റാലിൻ നയിച്ചേക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഡിഎംകെയെ എത്തിക്കുന്നത്. ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിന് ടിവികെ (TVK) സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി സെൽവത്തെ ഉദയനിധി തോൽപ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഡിഎംകെയ്ക്ക് ഉണ്ടായത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ പരാജയം പാർട്ടിക്ക് വലിയ ആഘാതമായി. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയായ വി എസ് ബാബുവിനോടാണ് എണ്ണായിരത്തിലേറെ വോട്ടിന് സ്റ്റാലിൻ തോറ്റത്. മുൻ ഡിഎംകെ നേതാവും ഒരുകാലത്ത് സ്റ്റാലിൻ്റെ അടുത്ത അനുയായിയുമായിരുന്നു ബാബു.

ബാബുവിൻ്റെ വിജയം ഡിഎംകെയ്ക്കുള്ളിലെ അസ്വാരസ്യങ്ങളുടെ കൂടി പ്രതിഫലനമാണ്. ഡിഎംകെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2006-ൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ മുൻ എഐഎഡിഎംകെ നേതാവ് പി കെ ശേഖർ ബാബുവിൻ്റെ വരവോടെയാണ് വി എസ് ബാബു ഡിഎംകെയിൽ അവഗണിക്കപ്പെട്ടത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിവികെയിലെത്തിയത്.

തൻ്റെ പരാജയത്തിലും ഡിഎംകെയുടെ രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. പൊതുജീവിതത്തിൽ വലിയ വിജയങ്ങളും അതുപോലെ പരാജയങ്ങളും നേരിട്ടിട്ടുണ്ടെന്നും വിജയപരാജയങ്ങൾക്കപ്പുറം ആശയങ്ങൾക്കും നയങ്ങൾക്കുമാണ് പ്രാധാന്യമെന്ന ബോധ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നതെന്നും സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചെന്നൈ എന്ന ഡിഎംകെ ശക്തികേന്ദ്രത്തിൽ ഉദയനിധിയെ കൂടാതെ മന്ത്രി പി കെ ശേഖർ ബാബു മാത്രമാണ് ഇത്തവണ വിജയിച്ചത്.

തമിഴ്നാട്ടിൽ സിറ്റിംഗ് മുഖ്യമന്ത്രിമാർ തോൽക്കുന്നത് ഇത് നാലാം തവണയാണ്. ഇതിന് മുൻപ് പി എസ് കുമാരസ്വാമി രാജ, എം ഭക്തവത്സലം, ജയലളിത എന്നിവർ മുഖ്യമന്ത്രിയായിരിക്കെ പരാജയപ്പെട്ടിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോൾ എം കെ സ്റ്റാലിൻ്റെ പേരും ചേർക്കപ്പെടുന്നത്. നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ്റെ നേതൃത്വത്തിൽ പുതിയ പോരാട്ടത്തിന് ഡിഎംകെ തയ്യാറെടുക്കുകയാണ്.