വിമാന ഇന്ധന വിലയിലുണ്ടായ അമിത വർദ്ധനവും രാജ്യാന്തര വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലായ എയർ ഇന്ത്യ ജൂലൈ മാസം വരെ നൂറോളം വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുവെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ . ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകളെ ഈ തീരുമാനം ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുള്ള പല റൂട്ടുകളും നിലവിൽ ലാഭകരമല്ലാത്ത സാഹചര്യത്തിലാണ് സർവീസുകൾ കുറയ്ക്കാൻ നിർബന്ധിതമായതെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.
പ്രതിദിനം ശരാശരി 1,100 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ, ജൂൺ മാസത്തിൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാകും പ്രധാനമായും വെട്ടിക്കുറയ്ക്കുക. പശ്ചിമേഷ്യൻ സംഘർഷം കാരണം വ്യോമാതിർത്തികൾ അടച്ചതോടെ വിമാനങ്ങൾക്ക് വഴിതിരിച്ചു വിടേണ്ടി വരുന്നത് യാത്രാ സമയം വർദ്ധിപ്പിക്കുകയും ഇന്ധനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള റൂട്ടുകൾ തുറന്നാൽ മാത്രമേ സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയൂ എന്ന് സിഇഒ പറഞ്ഞു.
ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ ചില സർവീസുകൾ എയർലൈൻ കുറച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ കൂടുതൽ വഷളായതോടെ ജൂൺ, ജൂലൈ മാസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ യാത്രാ പ്ലാനുകളെയും ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളുകളെയും ബാധിക്കുമെന്നതിൽ വിൽസൺ ഖേദം പ്രകടിപ്പിച്ചു. നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലൂടെ കടന്നുപോകുന്ന കമ്പനിക്ക് സർവീസുകൾ കുറയ്ക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



