അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടം രംഗത്തെത്തി. ഇറാൻ്റെ പരമോന്നത നേതാക്കൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഗൾഫ് ഭരണാധികാരികളെ വധിക്കുമെന്നാണ് ഇറാൻ പാർലമെന്റ് അംഗം ഭീഷണി മുഴക്കിയത്. തങ്ങളുടെ നേതാക്കൾക്ക് നേരെ കൈ ഓങ്ങിയാൽ ഗൾഫ് മേഖലയിലെ കൊട്ടാരങ്ങൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ എംപിയായ അഹമ്മദ് ബക്ഷായേഷ് അർദെസ്താനിയാണ് ഈ പ്രകോപനപരമായ പ്രസ്താവന നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഇത്തരമൊരു ഭീഷണി വരുന്നത്. ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സഹായം നൽകിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ ലക്ഷ്യമിടാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ നീക്കം. അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾ ഇറാന്റെ ശത്രുക്കളായി കണക്കാക്കപ്പെടുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.

ഗൾഫ് ഭരണാധികാരികൾ അമേരിക്കയുടെ ഏജൻ്റുകളായി പ്രവർത്തിക്കുകയാണെന്നാണ് ഇറാൻ്റെ ആരോപണം. യുദ്ധമുണ്ടായാൽ അതിൽ പങ്കാളികളാകുന്ന ഏത് രാജ്യവും ഇറാന്റെ മിസൈലുകളുടെ പരിധിയിലായിരിക്കും. കൊട്ടാരങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നാണ് പാർലമെന്റ് അംഗം തുറന്നടിച്ചത്. നിലവിൽ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് വലിയ തോതിലുള്ള പടയൊരുക്കമാണ് നടക്കുന്നത്. അമേരിക്കൻ സേന മേഖലയിൽ കരുത്തു വർദ്ധിപ്പിക്കുന്നത് ഇറാനെ പ്രകോപിപ്പിക്കുന്നുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ നോക്കിനിൽക്കില്ലെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ഇപ്പോൾ ഇറാന്റെ നിരീക്ഷണത്തിലാണ്. ഈ താവളങ്ങളിൽ നിന്ന് വിമാനങ്ങൾ ഉയർന്നാൽ അത് യുദ്ധ പ്രഖ്യാപനമായി കാണുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിലെ പല രാജ്യങ്ങളും ഈ ഭീഷണിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും സംരക്ഷിക്കാൻ ഇറാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അമേരിക്കയുമായി നേരിട്ടുള്ള ഒരു യുദ്ധത്തിന് തങ്ങൾ സജ്ജമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണാധികാരികളെ നേരിട്ട് ലക്ഷ്യമിടുമെന്ന ഭീഷണി വരുന്നത്.

പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളുടെ സുരക്ഷ അമേരിക്കയ്ക്ക് പ്രധാനമാണ്. എന്നാൽ ഇറാന്റെ മിസൈൽ കരുത്തിനെ ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പകരം വാക്കേറ്റവും ഭീഷണിയുമാണ് ഇപ്പോൾ ഇരുപക്ഷത്തുനിന്നും ഉണ്ടാകുന്നത്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. ഇറാന്റെ പുതിയ ഭീഷണി സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.