പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപന ജീവനക്കാരെ മാത്രം കൗണ്ടിംഗ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് കോടതി ശനിയാഴ്ച വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം നിയമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിന് വഴിവെക്കുമെന്നും, ഇത് വോട്ടെണ്ണലിലെ സുതാര്യതയെ ബാധിക്കുമെന്നും തൃണമൂൽ നൽകിയ ഹർജിയിൽ വാദിച്ചു.



