പൊതുസ്ഥലങ്ങൾ നിസ്കാരത്തിനോ വൻതോതിലുള്ള മതപരമായ ഒത്തുചേരലുകൾക്കോ അവകാശമെന്ന നിലയിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ ഭൂമിയിൽ നിസ്കാരം നടത്താൻ അനുമതി തേടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസുമാരായ ഗരിമ പ്രസാദ്, സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അസീൻ എന്ന വ്യക്തി നൽകിയ ഹർജി നിരസിച്ചത്. തർക്കഭൂമി തന്റെ സ്വകാര്യ സ്വത്താണെന്നും അവിടെ നിസ്കരിക്കാൻ അധികൃതർ സംരക്ഷണം നൽകണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 2023 ജൂൺ 16-ലെ രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ് പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കാണെന്നും സ്വകാര്യ ഭൂമിയിൽ നിസ്കരിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.