ഇന്ത്യൻ വിപണിയിൽ ഇന്ധനവില മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഒരേസമയം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതും ഊർജ്ജ ചിലവുകൾ വർദ്ധിക്കുന്നതും വിവിധ മേഖലകളെ സമ്മർദ്ദത്തിലാക്കിത്തുടങ്ങി. പെട്രോൾ, ഡൊമസ്റ്റിക് എൽപിജി വിലകളിൽ ഇതുവരെ നേരിട്ടുള്ള വർദ്ധനവ് വന്നിട്ടില്ലെങ്കിലും മറ്റ് മേഖലകളിൽ വിലക്കയറ്റം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഇതിനോടകം തന്നെ കുത്തനെ വർദ്ധിപ്പിച്ചു കഴിഞ്ഞു. വിമാന ഇന്ധനത്തിന്റെ വില കൂടുന്നത് സർവീസുകളെ ബാധിക്കുമെന്ന് എയർലൈൻ കമ്പനികളും മുന്നറിയിപ്പ് നൽകുന്നു. ഇത് ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയായി ഇതുവരെ മാറിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന അപകടത്തിന്റെ സൂചനകൾ അവഗണിക്കാനാവില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.



