രണ്ട് പതിറ്റാണ്ട് മുൻപ് ലോകത്തെ നടുക്കിയ ഡാർഫർ കൂട്ടക്കൊലയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് സുഡാനിലെ ഒരു പുതിയ തലമുറയിലെ കുട്ടികൾ കടന്നുപോകുന്നതെന്ന് യൂണിസെഫ്. സുഡാനിൽ സംഘർഷം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, കുട്ടികൾ വീണ്ടും ഒരു മാനുഷിക ദുരന്തത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു. ‘ഡാർഫർ: 20 വർഷത്തിന് ശേഷവും കുട്ടികൾ ഭീഷണിയിൽ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് കുട്ടികൾ നേരിടുന്ന അതിരൂക്ഷമായ മാനുഷിക ദുരന്തത്തെ കുറിച്ച് യൂണിസെഫ് വ്യക്തമാക്കുന്നത്.

പടിഞ്ഞാറൻ സുഡാനിലെ നോർത്ത് ഡാർഫർ തലസ്ഥാനമായ അൽ ഫഷീറിൽ കുട്ടികൾ കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടകവസ്തുക്കൾ, ഡ്രോൺ ആക്രമണങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് കുട്ടികൾ പലപ്പോഴും ഇരയാകുകയാണ്. കൂടാതെ, സായുധ സംഘങ്ങൾ കുട്ടികളെ നിർബന്ധപൂർവം യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലുള്ള സംഘർഷം വൻതോതിലുള്ള അക്രമങ്ങൾക്കും കൂട്ടപ്പലായനത്തിനും കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് കുട്ടികളാണ് കടുത്ത പട്ടിണിയിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളപ്പെട്ടത്. വീടുകൾ അഗ്നിക്കിരയാക്കപ്പെടുകയും വിപണികൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നതും, സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും തകർക്കപ്പെടുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമായി മാറിക്കഴിഞ്ഞു.

ഇത്തരത്തിൽ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നഷ്ടമായിക്കഴിഞ്ഞു. കടുത്ത പോഷകാഹാരക്കുറവിനും പകർച്ചവ്യാധികൾക്കും ഇരയാകുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂണിസെഫും മറ്റ് സന്നദ്ധ സംഘടനകളും ഡാർഫറിലും പരിസര പ്രദേശങ്ങളിലും ജീവൻരക്ഷാ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ, ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങൾ, ഫണ്ടിന്റെ കുറവ് എന്നിവ സഹായമെത്തിക്കുന്നതിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന കുട്ടികളെ നിസ്സഹായരാക്കുന്നു. സുഡാനിലെ കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും അടിയന്തരമായി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഇനിയും വഷളാകുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.