കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായതോടെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. വോട്ടെണ്ണൽ കാത്തുനിൽക്കാതെ തന്നെ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കായി അണികൾ രംഗത്തെത്തിക്കഴിഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് വി.ഡി. സതീശനെയാണ്. ഇന്ദിരാ ഭവന് മുന്നിൽ ഒന്നാം നമ്പർ സർക്കാർ കാർ പാർക്ക് ചെയ്തിരിക്കുന്ന ചിത്രം ‘ലോഡിംഗ്’ എന്ന ക്യാപ്ഷനോടെ സതീശൻ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം സതീശനെ ലക്ഷ്യം വെച്ചത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ഒരു ‘രക്ഷകൻ’ പരിവേഷം നൽകി. എന്നാൽ, മന്ത്രിസ്ഥാനം വഹിച്ചുള്ള പരിചയക്കുറവും പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളുമായുള്ള ബന്ധത്തിലെ വിള്ളലുകളും അദ്ദേഹത്തിന് വെല്ലുവിളിയായേക്കാം. യുഡിഎഫ് 100 സീറ്റുകൾ കടന്നാൽ മാത്രമേ സതീശന്റെ വഴി സുഗമമാകൂ എന്നാണ് വിലയിരുത്തൽ.

കെ.സി. വേണുഗോപാലും ചെന്നിത്തലയും സജീവം

സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ അനുയായികൾ രംഗത്തുള്ളത്. ഭൂരിഭാഗം സ്ഥാനാർത്ഥികളും അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരം വന്നവരായതിനാൽ എംഎൽഎമാരുടെ പിന്തുണ കെ.സിക്ക് ലഭിച്ചേക്കാം.

എന്നാൽ ഹൈക്കമാൻഡിലെ പ്രധാന പദവി വിട്ട് അദ്ദേഹം കേരളത്തിലേക്ക് വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, ദീർഘകാലത്തെ ഭരണപരിചയവും മുന്നണി നേതാക്കളുമായുള്ള അടുത്ത ബന്ധവുമാണ് രമേശ് ചെന്നിത്തലയുടെ കരുത്ത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള എഐ വീഡിയോകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ യുദ്ധം

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഇതിനോടകം തന്നെ തെരുവിലേക്ക് പടർന്നിട്ടുണ്ട്. വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സതീശൻ പിആർ വർക്ക് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കസേര സ്വപ്നം കാണേണ്ടെന്നും പോസ്റ്ററുകൾ പരിഹസിക്കുന്നു. എന്നാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പോസ്റ്റർ ഒട്ടിക്കുന്നവർ യഥാർത്ഥ പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ കർണാടകയെക്കാൾ സങ്കീർണ്ണമായ ഒരു സാഹചര്യമായിരിക്കും കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിടേണ്ടി വരിക. പ്രധാന സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടും ഈ തീരുമാനത്തിൽ നിർണ്ണായകമാകും. അതേസമയം, എക്സിറ്റ് പോളുകൾ തള്ളിക്കളയുന്ന ഇടത് മുന്നണി വോട്ടെണ്ണൽ കഴിയുന്നതോടെ കോൺഗ്രസിന്റെ ഈ ചർച്ചകൾ അപ്രസക്തമാകുമെന്ന വിശ്വാസത്തിലാണ്.