രാഷ്ട്രീയപ്രവർത്തനങ്ങൾ കേവലം അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമാകരുതെന്നും അത് പൊതുനന്മയ്ക്കായുള്ള ഉദാത്തമായ കാരുണ്യപ്രവർത്തനമായി മാറണമെന്നും ഉദ്ബോധിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ വച്ച് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് ഈ ആഹ്വാനം നടത്തിയത്. അതേസമയം, പ്രത്യയശാസ്ത്രപരമായ വാശികൾ ഉപേക്ഷിക്കണമെന്നും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും മാർപാപ്പ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

യൂറോപ്യൻ യൂണിയന്റെ അടിത്തറ ക്രിസ്തീയമൂല്യങ്ങളിലാണെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഭൂഖണ്ഡത്തെ പുനർനിർമ്മിക്കാൻ നേതൃത്വം നൽകിയവർ തങ്ങളുടെ വിശ്വാസത്തിൽ നിന്നാണ് ഐക്യത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത് എന്ന് പറഞ്ഞു. “സംഘർഷത്തേക്കാൾ വലുതാണ് ഐക്യം” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മറ്റുള്ളവരുടെ അന്തസ്സ് തിരിച്ചറിയാൻ തയ്യാറാകുന്നതാണ് യഥാർഥ രാഷ്ട്രീയമെന്നും ലെയോ പാപ്പ വ്യക്തമാക്കി.

പ്രത്യയശാസ്ത്രങ്ങൾ യാഥാർഥ്യത്തെ വളച്ചൊടിക്കുകയും സ്വന്തം അജണ്ടകൾക്കായി ജനങ്ങളെ അടിച്ചമർത്തുകയും ചെയ്യുമ്പോൾ അത് നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികൾ ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കണമെന്ന് നിർദേശിച്ച പാപ്പ, ഡിജിറ്റൽ യുഗത്തിലും ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം അനിവാര്യമാണ് എന്ന് പറഞ്ഞു. ക്രൈസ്തവർ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് സുവിശേഷമൂല്യങ്ങൾക്കനുസൃതമായി നന്മയ്ക്കുള്ള തീരുമാനങ്ങൾ എടുക്കാനായിരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

കുടിയേറ്റ പ്രശ്നത്തിൽ കരുണയോടെയുള്ള സമീപനം വേണമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളെ ജാഗ്രതയോടെയും പ്രത്യയശാസ്ത്രപരമായ മുൻവിധികളില്ലാതെയും സമീപിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു.