കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന വിപ്ലവകരമായ നിർദ്ദേശവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. രാസലഹരിയുടെ കടന്നുകയറ്റം തടയാൻ കള്ളും വൈനും ബിയറും വ്യാപകമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളിലെ മാതൃക ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
എംഡിഎംഎ (MDMA) പോലുള്ള മാരകമായ രാസലഹരികൾ ഉപയോഗിക്കുന്നവർക്ക് പിന്നീട് ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി. ആംസ്റ്റർഡാമിലും ഇംഗ്ലണ്ടിലും കഞ്ചാവ് നിയമവിധേയമാണെന്നും മദ്യപാനം ഉണ്ടാക്കുന്ന ശല്യത്തിനപ്പുറം ഒന്നും കഞ്ചാവ് ഉപയോഗം കൊണ്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനം കരൾ നശിപ്പിക്കുന്നുണ്ട്, അതുപോലെ ഒരു ആരോഗ്യപ്രശ്നം മാത്രമാണ് കഞ്ചാവുമുണ്ടാക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം (Responsible Drinking) പോലെ തന്നെ കഞ്ചാവിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണം നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് താൻ സർക്കാരിന് മുൻപ് നോട്ട് സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലഹരിനയത്തിന് പുറമെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. 230 കോടിയുടെ റോഡ് നിർമ്മാണ കരാറിൽ ഒരു കമ്പനിക്ക് 65 കോടിയോളം രൂപ ലാഭമുണ്ടാകുന്ന തരത്തിൽ പാറമട വ്യവസ്ഥകളിൽ തിരുത്തൽ വരുത്തിയതായി ബിജു പ്രഭാകർ ആരോപിച്ചു. ഈ ക്രമക്കേട് കണ്ടെത്തി ഫയൽ പരിശോധിച്ചതിന്റെ തൊണ്ണൂറ്റിയൊന്നാം ദിവസം തന്നെ തന്നെ സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിലെ വലിയ അഴിമതികൾ ആരും ചർച്ച ചെയ്യുന്നില്ലെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.



