കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചു. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ
വീട്ടിലെ കിണറിലാണ് ശുചിമുറി മാലിന്യം തള്ളിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
വേനൽ സമയത്ത് പ്രദേശവാസികൾ ആകെ ആശ്രയിക്കുന്ന കിണറ്റിലാണ് മനുഷ്യ വിസർജ്യം ഇട്ടത്. മനോജനും അടുത്തുള്ള സഹോദരന്റെ കുടുംബവും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതിലെ രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് യുഡിഎഫും കെകെ രമ എംഎല്‍എയും പ്രതികരിച്ചു. ആർഎംപി രൂപീകരണം മുതല്‍ സംഘടനയുടെ ഭാഗമായ മനോജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
തനിക്കോ, തന്നോടോ ആർക്കും എതിർപ്പ് ഇല്ലെന്നും എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് അറിയില്ലെന്നുമാണ് മനോജ് പറയുന്നത്. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ കിണറിലെ വെള്ളം ഉപയോഗിക്കാനാകൂ. അതുവരെ വെള്ളത്തിന് വേറെ വഴി നോക്കേണ്ട അവസ്ഥയിലാണ് ഈ വീട്ടുകാർ.



