ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തതായി തെലുങ്ക് നടിക്കെതിരെ പരാതി. അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെയാണ് പരാതി. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
യുകെയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം.
2018ൽ ആണ് ധർമ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധർമ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധർമ്മേന്ദ്രയുമായി വിവാഹത്തിന് തയാറാണെന്ന് നടി ഉറപ്പു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിനുപിന്നാലെ തന്റെ സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും ധർമ്മേന്ദ്രയിൽ നിന്ന് നടി വാങ്ങിയതായി പരാതിയിൽ ആരോപിക്കുന്നു.
2020 ജൂലൈയിൽ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ധർമ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി അതിന് വിസമ്മതിച്ചു. തുടർന്ന് നടി ഹേമയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയും 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അശ്വിനി സമ്മതിക്കുകയും ചെയ്തു.
ഇതിനായി നൽകിയ ബ്ലാങ്ക് ചെക്കുകൾ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.



