ആഫ്രിക്കയിലേക്കുള്ള ലെയോ പതിനാലാമൻ പാപ്പയുടെ അപ്പസ്തോലിക യാത്രയിൽ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയം തൊട്ട ഒരു മനോഹര നിമിഷമായിരുന്നു ഇക്വറ്റോറിയൽ ഗിനിയയിൽ മാൽബോ സ്‌റ്റേഡിയത്തിൽ നടന്ന അന്തിമ വിശുദ്ധ കുർബാന. അതിനു ശേഷം, ബിസിലയുടെ മാതാവിന്റെ (Our Lady of Bisila) മനോഹര രൂപത്തിനു മുമ്പിൽ പരിശുദ്ധ പിതാവ് ‘സ്വർലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന പ്രാർഥന ചൊല്ലി.

ഇക്വറ്റോറിയൽ ഗിനിയയിലെ വിശ്വാസികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു ആത്മീയപ്രതീകമാണ് ബിസില മാതാവ്. വെള്ളയും നീലയും വസ്ത്രം ധരിച്ച മറിയം, ആഫ്രിക്കൻ പാരമ്പര്യത്തിൽ കുഞ്ഞായ യേശുവിനെ തന്റെ പിന്നിൽ ചുമന്നുകൊണ്ടുനിൽക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തന്റെ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്ന, അവരുടെ ജീവിതയാത്രയിൽ കൂടെനടക്കുന്ന മാതാവിന്റെ സ്നേഹസാന്നിധ്യമാണ് ഈ രൂപം വ്യക്തമാക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിയോകോ ദ്വീപിലാണ് (Bioko Island) ഈ ഭക്തിയുടെ തുടക്കം. അന്ന് ബുബി ജനവിഭാഗത്തെ ബാധിച്ച ദുരൂഹമായ ഒരു മഹാമാരിയുടെ നടുവിൽ, ഒരു സാധാരണ സ്ത്രീക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു. മറിയം തന്റെ പേര് ‘ബിസില’ എന്നാണെന്ന് വെളിപ്പെടുത്തി. കുട്ടികളുടെ സംരക്ഷണത്തിനും രോഗമുക്തിക്കും വേണ്ട മാർഗനിർദേശങ്ങൾ അവൾ നൽകി. അവളുടെ സന്ദേശമനുസരിച്ച്, മാനസാന്തരപ്പെട്ടു ജീവിച്ചാൽ നവീകരണവും പുതിയ ജീവിതവും ലഭിക്കുമെന്ന് മറിയം വാഗ്ദാനം ചെയ്തു.

ബുബി ജനവിഭാഗത്തിൽ ആരംഭിച്ച ഈ ഭക്തി പിന്നീട് രാജ്യവ്യാപകമായി വ്യാപിച്ചു. പുരോഹിതരും മിഷനറിമാരും ഈ അനുഭവത്തിൽ പരിശുദ്ധ മാതാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് അവളെ ‘ബിസില മാതാവ്’ എന്നും ‘ദ്വീപിന്റെ മാതാവ്’ എന്നീ നിലകളിൽ ആദരിക്കാൻ തുടങ്ങി. പിന്നീട് ബാസിലേ മലയിൽ മലാബോ നഗരത്തെ അഭിമുഖീകരിച്ച് അവളുടെ തിരുസ്വരൂപം സ്ഥാപിക്കപ്പെട്ടു. 1987 ൽ ഔദ്യോഗികമായി മറിയത്തിന്റെ ശിരസ്സിൽ കിരീടധാരണം നടത്തി.

ഇന്ന് ബിസില മാതാവ് ഇക്വറ്റോറിയൽ ഗിനിയയിലെ ജനങ്ങളുടെ വിശ്വാസജീവിതത്തിന്റെയും ദൈവമാതൃഭക്തിയുടെയും പ്രതീകമാണ്. അവരുടെ പ്രാർഥനകളിലും ഗാനങ്ങളിലും നൃത്തങ്ങളിലും സംസ്കാരങ്ങളിലും അവളുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നു.

മറിയം ദൂരെയല്ല; ലോകത്തിന്റെ ഏത് കോണിലായാലും തന്റെ മക്കളോടൊപ്പം നടക്കുകയും അവരുടെ ഹൃദയഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന അമ്മയാണ് അവൾ എന്നതാണ് ബിസിലയുടെ മാതാവ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ബിസിലയുടെ മാതാവേ, ഇക്വറ്റോറിയൽ ഗിനിയയുടെ മാതാവും രക്ഷാധികാരിയുമേ, ഞങ്ങൾക്കായി പ്രാർഥിക്കണമേ.