കോവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ്പുകൾ മുടങ്ങിപ്പോയ കുട്ടികളെ സംരക്ഷിക്കാനായി ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച പദ്ധതി വിജയകരമായി മുന്നേറുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും 36 രാജ്യങ്ങളിലായി ഏകദേശം 1.8 കോടി കുട്ടികൾക്ക് ഇതിനോടകം വാക്സിനുകൾ നൽകിക്കഴിഞ്ഞു. 2.1 കോടി കുട്ടികളിലേക്ക് ഈ സഹായം എത്തിക്കുക എന്ന ലക്ഷ്യം ഉടൻ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും സംയുകതമായി വ്യക്തമാക്കി.
കുത്തിവെപ്പുകൾ മുടങ്ങിയത് മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പണ്ട് നിയന്ത്രണത്തിലായിരുന്ന അസുഖങ്ങൾ വീണ്ടും പടരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ പദ്ധതിയിലൂടെ ഭൂരിഭാഗം കുട്ടികൾക്കും ആദ്യമായി പ്രതിരോധ മരുന്നുകൾ നൽകാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. പ്രത്യേകിച്ചും മാരകമായ അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഈ തീവ്രയജ്ഞത്തിലൂടെ സാധിച്ചു.
അതേസമയം, പ്രതിരോധ മരുന്നുകൾക്കെതിരെ സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജപ്രചാരണങ്ങൾ ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പല രാജ്യങ്ങളും ആരോഗ്യ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നതും കുത്തിവെപ്പ് പരിപാടികളെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങളെ അവഗണിച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.



