തൻ്റെ വാർഷിക ആരോഗ്യ റിപ്പോർട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു പരസ്യപ്പെടുത്തി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ്റെ നേതൃത്വത്തിലുള്ള ഭീകര ഭരണകൂടം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് തടയാൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് രണ്ടു മാസത്തോളം ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ശാരീരികമായി മികച്ച നിലയിലാണെന്നും ഇസ്രായേല്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഏകദേശം ഒന്നര വർഷം മുൻപ് പ്രധാനമന്ത്രി ബി നെതന്യാഹു പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം കൃത്യമായ ഇടവേളകളിൽ അദ്ദേഹം വൈദ്യപരിശോധന നടത്തി വരികയായിരുന്നു. അവസാനമായി നടത്തിയ പരിശോധനയിൽ പ്രോസ്റ്റേറ്റിൽ ഒരു ഇഞ്ചിൽ താഴെ വലിപ്പമുള്ള ചെറിയ പാട് കണ്ടെത്തുകയുണ്ടായി. ഇത് അർബുദത്തിൻ്റെ പ്രാരംഭ ഘട്ടമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. എന്നാൽ മറ്റ് ഭാഗങ്ങളിലേക്ക് പടരാത്ത രീതിയിലുള്ള അണുബാധയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രായത്തിൽ ഇത്തരം ലക്ഷണങ്ങൾ സ്വാഭാവികമാണെന്നും നിരീക്ഷണത്തിൽ തുടരുകയോ അല്ലെങ്കിൽ ചികിത്സയിലൂടെ നീക്കം ചെയ്യുകയോ ചെയ്യാമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ വ്യക്തിപരമായ കാര്യത്തിലായാലും ദേശീയ സുരക്ഷയിലായാലും അപകട സാധ്യതകളെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടനടി പ്രതിരോധിക്കുക എന്നതാണ് തൻ്റെ രീതിയെന്ന് ബി നെതന്യാഹു പറഞ്ഞു. ജെറൂസലേമിലെ ഹദസ്സ ആശുപത്രിയിൽ നടന്ന ടാർഗെറ്റഡ് തെറാപ്പിയിലൂടെ ഈ പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായും ഇപ്പോൾ താൻ രോഗമുക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാ കാലയളവിലും അദ്ദേഹം ജോലിയിൽ സജീവമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജെറൂസലേമിലെ ഹദസ്സ ആശുപത്രിയിലെ ഡോക്ടർമാർക്കും വൈദ്യസംഘത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഇസ്രായേലിലെ പൗരന്മാർ സ്വന്തം ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും കൃത്യസമയത്ത് പരിശോധനകൾ നടത്തി ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തിൽ പരിക്കേറ്റവർക്കും മാനസിക പ്രയാസമനുഭവിക്കുന്നവർക്കും വേഗത്തിൽ രോഗശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ സന്ദേശം അവസാനിപ്പിച്ചത്.



