പാലാ: നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പാലാ അരമന ആക്രമിക്കാന്‍ വന്നപ്പോള്‍ താന്‍ ഒറ്റയ്ക്ക് നിന്ന് തടഞ്ഞുവെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദം പച്ചക്കള്ളവും സമീപകാലത്തെ ഏറ്റവും വലിയ തമാശയുമാണെന്ന് എകെസി സി പാലാ രൂപത ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു.
പാലാ ബിഷപ്പിനെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പാലാ സെന്റ് തോമസ് പ്രസിന് മുമ്പില്‍ വച്ചുതന്നെ പോലീസ് തടഞ്ഞിരുന്നു. ഈ സമയത്ത് പി.സി. ജോര്‍ജിന്റെ പൊടിപോലും അവിടെ ഉണ്ടായിരുന്നില്ല. തന്റെ നിര്‍ദേശമനുസരിച്ച് എകെസി സി നേതാക്കന്മാരും എസ്എംവൈഎം രൂപതാ ഡയറക്ടറും പ്രവര്‍ത്തകരും ഏതാനും ബിജെപി പ്രവര്‍ത്തകരും അരമനയില്‍ എത്തിയിരുന്നു.
ഇത്തരം വിഷയങ്ങളെ കായികമായി നേരിടുന്ന പതിവല്ല രൂപതയ്ക്കുള്ളത് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് സഭാ നേതൃത്വം എന്നും ശ്രമിച്ചിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് പിറ്റേദിവസം നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ നുഴഞ്ഞുകയറി പ്രസംഗിക്കാന്‍ ഒരു അവസരം ചോദിച്ച് പി.സി. ജോര്‍ജ് എത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് താന്‍ പ്രസംഗിക്കാന്‍ അനുവദിച്ചത്. പി.സി. ജോര്‍ജിന്റെ പ്രസ്താവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.



