ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 40 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 160 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. രവീന്ദ്ര ജഡേജയാണ് (29 പന്തില്‍ 43) ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും പുറത്താകുകയായിരുന്നു. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനൗവിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുമായ ലക്‌നൗ ഒമ്പതാം സ്ഥാനത്താണ്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ല്കനൗവിന് വേണ്ടി മിച്ചല്‍ മാര്‍ഷ് (41 പന്തില്‍ 55) മാത്രമാണ് തിളങ്ങിയത്. നിക്കോളാസ് പുരാന്‍ (22), ഹിമത് സിംഗ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആയുഷ് ബദോനി, റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. മുകുള്‍ ചൗധരി (7), മുഹമ്മദ് ഷമി (6), മായങ്ക യാദവ് (5), മുഹ്‌സിന്‍ ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിഗ്‌വേഷ് രാത്തി (2) പുറത്താവാതെ നിന്നു.

നേരത്തെ, അത്ര മോശമായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (22) – വൈഭവ് സൂര്യവന്‍ഷി (8) സഖ്യം 32 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ജയ്‌സ്വാളിനേയും ധ്രുവ് ജുറലിനേയും (0) അടുത്തടുത്ത പന്തികളില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യവന്‍ഷിയും മടങ്ങിയതോടെ മൂന്നിന് 32 എന്ന നിലയിലായി രാജസ്ഥാന്‍. റിയാന്‍ പരാഗ് (20) – ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22) എന്നിവര്‍ ചെറുത്തുനില്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. 30 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.