അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ വൈകാരികമായ സ്മരണാഞ്ജലി അർപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാനം വരെ കർത്താവിന്റെ വിശ്വസ്തനായ ശിഷ്യനായി തുടർന്നുവെന്നും സഭയ്ക്കും ലോകത്തിനും വലിയൊരു കാരുണ്യത്തിന്റെ പൈതൃകമാണ് അദ്ദേഹം നൽകിയതെന്നും ലെയോ പാപ്പ അനുസ്മരിച്ചു. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പ, കർദ്ദിനാൾ കോളേജ് ഡീൻ ആയിരിക്കുന്ന കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റേയ്ക്ക് അയച്ച സന്ദേശത്തിലാണ് തന്റെ മുൻഗാമിയെ അനുസ്മരിച്ചത്.

ഫ്രാൻസിസ് മാർപാപ്പയെ അടക്കം ചെയ്തിരിക്കുന്ന സാന്താ മരിയാ മജോറാ ബസിലിക്കയിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ ലെയോ മാർപാപ്പയുടെ സന്ദേശം വിശ്വാസികൾക്കായി വായിച്ചു. മരണം ഒരു മതിലല്ലെന്നും, മറിച്ച് ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിലുടനീളം പ്രഘോഷിച്ച ദൈവകാരുണ്യത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതിലാണെന്നും സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ അതിർത്തികൾ വരെ സഞ്ചരിച്ച് “എല്ലാവർക്കും എല്ലാവർക്കും എല്ലാവർക്കും” വേണ്ടി കാരുണ്യത്തിന്റെ സുവിശേഷം എത്തിച്ച ഒരു മിഷനറിയായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ലെയോ മാർപാപ്പ വിശേഷിപ്പിച്ചു.

സഭയുടെ പ്രബോധനങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്ന പുതിയ ഭാഷയും ശൈലിയും സ്നേഹവിപ്ലവകരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ലെയോ പതിനാലാമൻ പാപ്പ, ‘കാരുണ്യം, സമാധാനം, സാഹോദര്യം, ആടുകളുടെ മണമുള്ള ഇടയൻ’ എന്നിങ്ങനെയുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രയോഗങ്ങൾ സുവിശേഷത്തെ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിച്ചു എന്ന് ഓർമിപ്പിച്ചു. തന്റെ രോഗാവസ്ഥയിലും വാർദ്ധക്യത്തിലും ഫ്രാൻസിസ് പാപ്പ നടത്തിയ അവസാന യാത്രകൾ പോലും അനേകം ഹൃദയങ്ങളെ സ്പർശിച്ച ധീരമായ സാക്ഷ്യങ്ങളായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പൈതൃകം ഏറ്റുവാങ്ങി, സഭയെ ദൗത്യങ്ങളിലേക്ക് തുറന്നുവിടാനും ലോകത്തിന് പ്രത്യാശയുടെ കാവൽക്കാരനായി മാറാനും ഫ്രാൻസിസ് പാപ്പ സഭയെ പ്രേരിപ്പിച്ചു. പരിശുദ്ധ മറിയത്തോടുള്ള ഫ്രാൻസിസ് പാപ്പായുടെ അഗാധമായ ഭക്തിയും മരിയ മജോറാ ബസിലിക്കയുമായുള്ള ആത്മബന്ധവും സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. ഈ മാതൃക പിന്തുടർന്ന് ദൈവസ്നേഹത്തിന്റെ പ്രവാചകന്മാരാകാൻ ഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.