ജയ്പൂർ: ഏഴ് വർഷമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച മധ്യവസ്കൻ അറസ്റ്റിൽ. സതീഷ് കുമാർ ശർമ (50) യാണ് മുൻ ഭാര്യ മീനു ശർമയെ കൊലപ്പെടുത്തിയത്.
ദീർഘകാലമായുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ മീനു ഏഴ് വർഷമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സംസാരിക്കാനെന്ന വ്യാജേന സതീഷ് മീനുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
ഏപ്രിൽ 20 ന് റെയിൽവേ ട്രാക്കിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മുഖത്ത് തുണി മുറുക്കി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മീനുവിന്റെ സഹോദരൻ വിഷ്ണു കാന്ത് ശർമയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ മീനു പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയം സതീഷിലേയ്ക്ക് എത്തുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



