നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിൽ ഏപ്രിൽ 19 ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

രാത്രി വൈകി ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് സായുധരായ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയത്. വെടിയുതിർത്തും ആയുധങ്ങൾ ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ, കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ബസ്സ, ബാർക്കിൻ ലാഡി, റിയോം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. തീവ്രവാദ സംഘടനകളും ഗോത്രവർഗ വിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും മതപരമായ വേട്ടയാടലായി മാറുകയാണ്. ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ ഇപ്പോഴും വലിയ ഭീതിയിലാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ICC) ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ നിരപരാധികളെ വേട്ടയാടുന്നത് തടയാൻ നൈജീരിയൻ സർക്കാർ പരാജയപ്പെടുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.