നാല് ആഫ്രിക്കൻ രാജ്യങ്ങളിലായി നടത്തുന്ന 11 ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ഘട്ടത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ അംഗോളയിൽ നിന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്ക് യാത്രതിരിച്ചു.

അംഗോളയിലെ തന്റെ അവസാന ദിനമായ ഇന്ന് രാവിലെ, ലുവാണ്ടയിലെ അപ്പോസ്തോലിക് ന്യൂൺസിയേച്ചറിൽ മാർപാപ്പ സ്വകാര്യ കുർബാന അർപ്പിച്ചു. തുടർന്ന് വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയ്ക്ക് അംഗോളൻ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺസാൽവസ് ലൂറെൻകോ യാത്രയയപ്പ് നൽകി. പ്രാദേശിക സമയം രാവിലെ 9:19-ന് മാർപാപ്പയുമായി വിമാനം ഇക്വറ്റോറിയൽ ഗിനിയയിലേക്ക് പറന്നു. ഇതോടെ മാർപാപ്പയുടെ അംഗോളൻ സന്ദർശനത്തിന് ഔദ്യോഗികമായി സമാപനമായി.

മൂന്ന് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെ ലുവാണ്ട, മുക്സിമ, സൗറിമോ എന്നീ മൂന്ന് നഗരങ്ങളാണ് മാർപാപ്പ സന്ദർശിച്ചത്. ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന പാദമായ ഇക്വറ്റോറിയൽ ഗിനിയയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഏപ്രിൽ 23 വ്യാഴാഴ്ച വരെ തുടരും.