അംഗോളയിലെ ലുണ്ടാ സുൾ പ്രവിശ്യയുടെ തലസ്ഥാനമായ സൗറിമോ നഗരം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗോളൻ സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിന് ആതിഥേയത്വം വഹിച്ചു. സായുധപോരാട്ടങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് മൂലം സമീപകാലത്ത് വലിയ ജനസംഖ്യാ വർധനവ് രേഖപ്പെടുത്തിയ നഗരമാണിത്.

പ്രാദേശിക സമയം തിങ്കളാഴ്ച (ഏപ്രിൽ 20) രാവിലെ 9:20 ന് മാർപാപ്പ സൗറിമോയിൽ വിമാനമിറങ്ങി. ദിയോലിൻഡ റോഡ്രിഗസ് വിമാനത്താവളത്തിനു സമീപമുള്ള ഒരു വൃദ്ധസദനം സന്ദർശിച്ചുകൊണ്ടാണ് പാപ്പ തന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരോടുള്ള സഭയുടെ കരുതൽ വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദർശനം. തുടർന്ന്, അൽപനേരത്തെ വിശ്രമത്തിനു ശേഷം സൗറിമോ സ്ക്വയറിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നഗരത്തിലെ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായിരുന്നു ഇത്.

ഉച്ചഭക്ഷണത്തിനു ശേഷം, ഉച്ചയ്ക്ക് 1:45 ന് മാർപാപ്പ സൗറിമോയിൽ നിന്ന് ലുവാണ്ടയിലേക്ക് തിരിച്ചു. അവിടെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയിൽ വച്ച് ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, മറ്റ് അജപാലന പ്രവർത്തകർ എന്നിവരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തും. രാജ്യത്തെ സഭയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി മാർപാപ്പ പ്രത്യേക പ്രസംഗം നടത്തും.

അംഗോളയിലെ തന്റെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക പരിപാടികൾ ലുവാണ്ടയിലെ ഈ കൂടിക്കാഴ്ചയോടെ അവസാനിക്കും. ഏപ്രിൽ 21 ചൊവ്വാഴ്ച, മാർപാപ്പ അംഗോളയിൽ നിന്ന് അവസാന ലക്ഷ്യസ്ഥാനമായ ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിലേക്ക് തിരിക്കും.