ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സാൻറിക് തീരത്ത് തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 16:52-നാണ് (ഇന്ത്യൻ സമയം 13:22) ഭൂചലനമുണ്ടായത്. തുടക്കത്തിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് കാലാവസ്ഥാ ഏജൻസി ഇത് 7.7 ആയി ഉയർത്തി. കടലിനടിയിൽ 19 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് പസഫിക് തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ കരയിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ.

ഭൂചലനത്തിന് പിന്നാലെ ഇവാട്ടെ പ്രവിശ്യയിലെ മിയാക്കോ തുറമുഖത്ത് 40 സെന്റിമീറ്റർ ഉയരത്തിലുള്ള സുനാമി തിരമാലകൾ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൊക്കൈഡോ തീരത്ത് തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് സുനാമി അഡ്വൈസറിയായി കുറച്ചു. ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളപ്പോഴാണ് അഡ്വൈസറി പുറപ്പെടുവിക്കുന്നത്. എങ്കിലും തീരപ്രദേശത്തുള്ളവർ ഉടൻ മാറിനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ശക്തമായ ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിലെ ബുള്ളറ്റ് ട്രെയിൻ (ഷിൻകാൻസെൻ) സർവീസുകൾ നിർത്തിവെച്ചു. ടോഹോകു, യമഗത, അകിത ഷിൻകാൻസെൻ ലൈനുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. പ്രവിശ്യയിലെ ഏകദേശം 100 വീടുകളിൽ വൈദ്യുതി ബന്ധം തകർന്നു. ജനങ്ങൾ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഭൂചലനത്തിന് പിന്നാലെ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ഓഫീസ് കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും പുറത്തിറങ്ങി ഓടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഫുകുഷിമ ഡൈച്ചി ആണവനിലയത്തിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. അയോമോറി, മിയാഗി പ്രവിശ്യകളിലെ ആണവനിലയങ്ങളിൽ നിലവിൽ അസ്വാഭാവികതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2011-ലെ സുനാമിയിൽ തകർന്ന ഫുകുഷിമ നിലയത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് അധികൃതർ നീങ്ങുന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ തീവ്രതയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലുകൾ ശ്രദ്ധിക്കണമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി സനാത ടാകൈച്ചി നിർദ്ദേശിച്ചു.