തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന് കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.
കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന് ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു.
പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന് അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലുമാണ് കുട്ടികൾ കിടന്നത്. പുലർച്ചെ രണ്ടോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു.
രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റിട്ടുണ്ടെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്.
ഇതിനു മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ തെരച്ചിലിൽ കുട്ടികൾ കിടന്ന തലയണയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.



