അമേരിക്കയുമായി പാകിസ്ഥാനിൽ നടത്താനിരുന്ന രണ്ടാം ഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറി. ഏപ്രിൽ 22-ന് അവസാനിക്കുന്ന വെടിനിർത്തൽ നീട്ടുന്നതിനായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ അപ്രതീക്ഷിത നീക്കം. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിൽ ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് അമേരിക്കയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. ഒരു വശത്ത് ചർച്ചയെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന അമേരിക്കയുടെ സമീപനം ‘ബാലിശമാണെന്ന്’ അദ്ദേഹം പരിഹസിച്ചു.

ഇറാൻ ചർച്ചയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഇറാന്റെ ഓരോ പവർ പ്ലാന്റുകളും പാലങ്ങളും അമേരിക്ക തകർക്കുമെന്നും ടെഹ്‌റാന്റെ ‘കൊലയാളി യന്ത്രത്തെ’ (Killing Machine) അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ വാക്പോര്.

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ ആശങ്ക വർദ്ധിച്ചു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ നൂറുകണക്കിന് കപ്പലുകൾ കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച ഇന്ത്യൻ പതാക വഹിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ഇറാന്റെ ഗൺബോട്ടുകൾ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. ഇതിനെത്തുടർന്ന് കപ്പലുകൾക്ക് പാതിവഴിയിൽ മടങ്ങേണ്ടി വന്നു.

ആണവ പദ്ധതി, ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുരാജ്യങ്ങളും തയ്യാറാകാത്തതാണ് സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയാകുന്നത്. അമേരിക്കൻ ഉപരോധത്തെ ‘അധിനിവേശ നടപടി’ എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതോടെ മേഖലയിൽ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.