ജനപ്രിയ റിയാലിറ്റി ഷോയായ മറാത്തി ബിഗ് ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സൊനാലി റൗട്ട് രംഗത്തെത്തി. പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർത്ഥ്യമാണ് ബിഗ് ബോസ് മറാത്തി ഷോയ്ക്കുള്ളിലെന്ന് നടി വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൊനാലി വീടിനുള്ളിലെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചത്.

അടുക്കളയിൽ നിറയെ എലികളാണെന്നും അവ ഭക്ഷണപദാർത്ഥങ്ങൾ തിന്നുതീർക്കുന്ന അവസ്ഥയാണെന്നും സൊനാലി ആരോപിക്കുന്നു. ‘അടുക്കളയിൽ നിറയെ എലികളാണ്. അവ ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർത്ഥികൾക്കായി ഒറ്റ ശുചിമുറി മാത്രമാണ് നൽകിയത്. അതിനുള്ളിൽ വെച്ച് ആളുകൾ പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നിറയെ മാലിന്യങ്ങളും ചത്ത എലികളുമാണ് അവിടെയുള്ളത്’ എന്ന് സൊനാലി തന്റെ കുറിപ്പിൽ വ്യക്തമാക്കി.

നാപ്കിനുകളും ടവ്വലുകളും വേണ്ടത്ര ലഭ്യമല്ലാത്തത് കാരണം മറ്റുള്ളവരുടെ പക്കൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടി വന്നതായും ഇത് പകർച്ചവ്യാധികൾക്ക് കാരണമായതായും നടി പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് ഷോയുടെ ആറാം സീസണിൽ എത്തിയതെങ്കിലും അവിടെ നിന്ന് തിരികെ വരുന്നത് ചർമ്മരോഗങ്ങളും മറ്റ് പകർച്ചവ്യാധികളുമായാണ്.  അവരെക്കൊണ്ട് ഇതിന് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണെന്നും സൊനാലി കൂട്ടിച്ചേർത്തു. ഷോയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് തനിക്ക് വലിയ രീതിയിലുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായാണ് താരം ചൂണ്ടിക്കാട്ടുന്നത്.

ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സൊനാലി ബിഗ് ബോസ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നടിയുടെ വെളിപ്പെടുത്തലുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. റിയാലിറ്റി ഷോകളിലെ മത്സരാർത്ഥികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്കും സൊനാലിയുടെ ആരോപണം വഴിതുറന്നിട്ടുണ്ട്.