ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരട്ടയാറിൽ നടന്ന സംഭവത്തിൽ ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ രാഹുലും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.
ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. തുടർന്ന് രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.



