കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി പരാക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുണ്ടറ അംബിപൊയ്ക ദേവിക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഭവത്തിൽ കുണ്ടറ സ്വദേശി അജോയ് അശോകനെതിരെയാണ് കേസെടുത്തത്.
തന്റെ സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു.
സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് അജോയ് അശോകന്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.



